Thursday, November 25

ഈ ബ്ളോഗ് ഇവിടെ മരിക്കുന്നു

ഇനി ഒന്നും പറയാനില്ല
കേള്‍ക്കാനും
എല്ലാ പുഴകളും ഇവിടെയൊഴുകിത്തീരുന്നു
എല്ലാ പകലുകളും ഇവിടെയസ്തമിക്കുന്നു
എല്ലാ രാത്രികളും ഇവിടെയടര്‍ന്നുവീഴുന്നു
ഇനി മരണത്തിനു ശേഷമുള്ള
നിശബ്ദതയുടെ
ലോഹത്തണുപ്പ് മാത്രം

Wednesday, November 17

161010

1.

നിനക്ക് വേണ്ടിമാത്രം
പൂക്കാന്‍ തുടങ്ങിയിരിക്കുന്നു
ഈ  നവംമ്പറില്‍
 ഒരു ഗുല്‍മോഹര്‍
മരത്തിന്‍റെ ഉടല്‍...
ഇലപൊഴിയുന്നൊരു കാറ്റില്‍
ഒരു കുടന്ന
ചോരത്തുള്ളികളായ്
ഒരുടല്‍ വന്ന്
നിന്‍റെ മഞ്ഞുകുപ്പായത്തില്‍
മുഖം ചേര്‍ക്കും....
കനത്തു നിന്ന
ഒരു ചുവപ്പുമരം
പതിയെപ്പതിയെ
നിന്‍റെ വേരുകളിലേക്ക്
ഒഴുകിയിറങ്ങും...

2.

ഒരു പുഴ
എപ്പോഴെങ്കിലും
മറ്റൊരു പുഴയെ
ആഗ്രഹിക്കാറുണ്ടാകുമോ...
ഓരോ മഴപ്പെയ്ത്തിലും
അങ്ങോട്ടുമിങ്ങോട്ടും
കലപില പറഞ്ഞൊഴുകാന്‍...
ഒരു പുഴ
എപ്പോഴെങ്കിലും
മറ്റൊരു പുഴയെ
ആഗ്രഹിക്കാറുണ്ടാകുമോ..
ആത്മഹത്യ ചെയ്തവരുടെയും
കാലുതെറ്റിവീണു മരിച്ചവരുടെയും
ആത്മാക്കളെ
പങ്കുവയ്ക്കാന്‍....

ഹരിശ്രി

സഞ്ചാരികള്