Thursday, November 25

ഈ ബ്ളോഗ് ഇവിടെ മരിക്കുന്നു

ഇനി ഒന്നും പറയാനില്ല
കേള്‍ക്കാനും
എല്ലാ പുഴകളും ഇവിടെയൊഴുകിത്തീരുന്നു
എല്ലാ പകലുകളും ഇവിടെയസ്തമിക്കുന്നു
എല്ലാ രാത്രികളും ഇവിടെയടര്‍ന്നുവീഴുന്നു
ഇനി മരണത്തിനു ശേഷമുള്ള
നിശബ്ദതയുടെ
ലോഹത്തണുപ്പ് മാത്രം

Wednesday, November 17

161010

1.

നിനക്ക് വേണ്ടിമാത്രം
പൂക്കാന്‍ തുടങ്ങിയിരിക്കുന്നു
ഈ  നവംമ്പറില്‍
 ഒരു ഗുല്‍മോഹര്‍
മരത്തിന്‍റെ ഉടല്‍...
ഇലപൊഴിയുന്നൊരു കാറ്റില്‍
ഒരു കുടന്ന
ചോരത്തുള്ളികളായ്
ഒരുടല്‍ വന്ന്
നിന്‍റെ മഞ്ഞുകുപ്പായത്തില്‍
മുഖം ചേര്‍ക്കും....
കനത്തു നിന്ന
ഒരു ചുവപ്പുമരം
പതിയെപ്പതിയെ
നിന്‍റെ വേരുകളിലേക്ക്
ഒഴുകിയിറങ്ങും...

2.

ഒരു പുഴ
എപ്പോഴെങ്കിലും
മറ്റൊരു പുഴയെ
ആഗ്രഹിക്കാറുണ്ടാകുമോ...
ഓരോ മഴപ്പെയ്ത്തിലും
അങ്ങോട്ടുമിങ്ങോട്ടും
കലപില പറഞ്ഞൊഴുകാന്‍...
ഒരു പുഴ
എപ്പോഴെങ്കിലും
മറ്റൊരു പുഴയെ
ആഗ്രഹിക്കാറുണ്ടാകുമോ..
ആത്മഹത്യ ചെയ്തവരുടെയും
കാലുതെറ്റിവീണു മരിച്ചവരുടെയും
ആത്മാക്കളെ
പങ്കുവയ്ക്കാന്‍....

Thursday, October 28

28.10.10

ഞാന്‍ നിന്നില്‍ ലയിച്ചിരിക്കുന്നു
നീ എന്നിലും
എപ്പോഴാണ്
നമ്മളൊഴുകാന്‍ തുടങ്ങുന്നത്
നിലാവു പോലെ ചിരിക്കുന്ന
നമ്മുടെ മാലാഖക്കുഞ്ഞുങ്ങളെ
നെഞ്ചില്‍ ചേര്‍ത്തു പിടിച്ച്.........

Friday, October 22

അയ്യപ്പന്....

തരിക.....
സ്നേഹത്തിന്‍റെ പാനപാത്രം
നിന്‍റെ തീവിഴുങ്ങിപ്പക്ഷിയുടെ ചങ്ക്
നീ വിഷം കുടിച്ച് ഉറഞ്ഞുപാടിയ
അവധൂതരാത്രികള്‍
നരകത്തെരുവുകള്‍
നിന്‍റെ കവിത കേട്ടുറങ്ങിയ
അനാഥച്ചെവികള്‍
നിന്‍റെ മഞ്ഞുവിരലുകള്‍...
തരിക..
മഴ തൊടാതെ
നീ നെഞ്ചിലൂട്ടിയ
പ്രണയത്തിന്‍റെ ആ ഒറ്റ വൈഖരി...

Wednesday, September 22

പ്രണയം....

....
നിന്നെത്തിരഞ്ഞാണ് വന്നത്
കാണാതെ പോകുമായിരുന്നു
ഒടുവിലെപ്പോഴൊ
വിരല്‍‍ത്തുമ്പുകള്‍‍‍  കൊണ്ട്
നീയെന്‍റെ ഹൃദയത്തില്‍ത്തൊട്ടു
ഇപ്പോ നിന്നെത്തഴുകുവാന്‍
കാറ്റ് എന്‍റെ കൈകളില്‍‍
സുഗന്ധം പുരട്ടുകയാണ്
നിന്നെ ചുംബിക്കുവാന്‍‍
പൂമ്പാറ്റകള്‍‍
എന്‍റെ ചുണ്ടുകളില്‍
തേന്‍ വിതറുകയാണ്
....
ഒഴുകിവരുന്നുണ്ട്
എന്‍റെ നെഞ്ചില്‍
നിന്നൊരോളപ്പരപ്പ്
നീ ചുണ്ടുകളിലൊളിച്ചു വച്ച
പ്രണയഗാനത്തിന്‍റെ
ഈരടികളെ തിരഞ്ഞ്,
നിന്‍റെ കവിള്‍ത്തടങ്ങളില്‍
കണ്‍മഷിക്കണ്ണുകളില്‍
നേര്‍ത്ത മുടിയിഴകളില്‍
വന്നു പൂക്കുകയാണ്
പുഴയിലെ ഏഴാമത്തെ
ചുഴിയില്‍ ഞാന്‍‍‍‍‍‍‍‍‍‍‍‍ കാത്തുവച്ച
എന്‍റെ ചുംബനങ്ങളുടെ
പിങ്കുനിറമുള്ള
പായല്‍വള്ളികള്‍‍‍‍‍‍‍‍‍,
സ്ഫടികക്കണ്ണുകളുള്ള
മീന്‍കുഞ്ഞുങ്ങളോട്
ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു
നിന്‍റെ നെഞ്ചിലെ
മന്ദാരപ്പൂക്കളെക്കുറിച്ച്
...
പ്രണയം മരണമാണ്
ഇന്നലെകളെ മറന്ന്
നാളെകളെ മറന്ന്
നിന്‍റെ ഇലയനക്കങ്ങളില്‍
ഞാന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു

Thursday, September 9

കൂട്ടുകാരിക്ക്

ഇതൊരു ഭ്രാന്തന്‍ സ്വപ്നമാണ്
നമ്മുടെ സൌഹൃദത്തിന്റെ പൂക്കള്ക്ക്
ഇപ്പോ ചുവപ്പുനിറം
നീയും ഞാനുമില്ലാതായി
നമ്മളുണ്ടായതിന്റെ
ഓര്‍മ്മ ബാക്കി വച്ച്
ഏതെങ്കിലും ഒരു സന്ധ്യയില്
അവ കൊഴിഞ്ഞുവീഴും

Monday, June 21

ജലകീയം

ജാലകങ്ങള്‍
പിഴുതെറിഞ്ഞ്
ഇന്പമുള്ള
ഈ മഴയിലേക്കിറങ്ങിവരിക
കാഴ്ചയുടെ
വസ്ത്രങ്ങളഴിച്ചുവച്ച്
നേരിന്‍റെ സ്ഫടികതയില്‍
‍ഝഷകരൂപമാവുക
വരുണഭാവത്തിന്‍റെ
ജൈവനൂലുകളെയിരന്പങ്ങളില്‍
കേള്‍ക്കുക
മേഘാരവങ്ങളെയറിയുക
ശരീരത്തിനെ
പാപബോധങ്ങളെ
ഐഹികങ്ങളെ
ഒന്നും ബാക്കിവയ്ക്കാതെ
സാമുദ്രികമാക്കുക
ജലകീയമാകുക

Thursday, June 10

വാമോസ് എ വോളാര്‍ അര്‍ജന്‍റീന

let's fly let's fly Argentina...
we will spread the African sky
our blue is going wild
our white is going teem
And our sun is going bang

we will destroy the yellow dancers
we will destroy the blue defenders
we will destroy the bullfighters
and we will blast the three lions

our prince is ready for battle
like a glowing tempest
when they see him, waves are shouting "messi"
when they see him, leafs are murmuring "messi"
when they see him, clouds are growling "messi"
who is here to detain him?

let's fly let's fly Argentina..
we will spread the African sky
our blue is going wild
our white is going teem
And our sun is going bang

Wednesday, June 9

കാണാനില്ല

കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു
എന്നും കൂടെ വരുമായിരുന്നു
വയലറ്റ് നിറമായിരുന്നു
പക്ഷെ മഴ തുടങ്ങിയതില്‍ പിന്നെ
കാണാനില്ല

എന്റെ കുട

Tuesday, June 1

ആമി,മഴ,ഓര്‍മ്മ

ഭൂമിയില്‍
നീ
അക്ഷരങ്ങളുടെ നിറമുള്ള
പൂക്കള്‍ വിരിഞ്ഞുനിന്ന
സായാഹ്നമായിരുന്നു

അനുരാഗത്തിന്‍റെ ചുവന്ന
വസന്തങ്ങള്‍കൊണ്ട്
കൊതിപ്പിച്ച,
വരണ്ടുപോവാതിരിക്കാന്‍
കര്‍ക്കിടകമഴപോലെ
സ്നേഹിച്ച....

ആകാശങ്ങളില്‍
നീ
ചതുപ്പുകളോട്
കലാപം ചെയ്ത്
പെയ്തു തീര്‍ന്ന
കാട്ടുമഴയാകുന്നു

എപ്സിലോണ്‍

ഓഫീസ്,
പൂജ്യവും ഒന്നും
നിറച്ചുവച്ചിരിക്കുന്ന
ചതുരപ്പെട്ടികള്‍ 
എപ്സിലോണുകള്‍
ഒന്നുമില്ലാത്തവര്‍
ശൂന്യര്‍
വിഷാദികള്‍
നെഞ്ചുതുരന്നുചെല്ലുമ്പോള്‍
ഉള്ളില്‍
ഹൃദയമില്ലാത്തവര്‍ ..‍

എപ്സിലോണുകള്‍
ഓര്‍മ്മകള്‍
പുഴുവവരിക്കാത്ത
പൂക്കാത്ത
എന്നുമൊരേ മണമുള്ള
നാലകങ്ങളില്‍
ഘനീഭവിച്ച്..

എപ്സിലോണുകള്‍
നിന്‍റെയും അവളുടെയും
ഇടയിലെ ഇരട്ടവഴികള്‍
ഒരേചരടില്‍
ഒരേകുരുക്കില്‍
ഒരേപോലെ....

എപ്സിലോണ്‍
അക്കങ്ങളെമാത്രം
സ്നേഹിക്കുന്നഒരാളായിരുന്നെങ്കില്‍
ഞാന്‍നിന്നെകൂടുതല്‍
വായിച്ചേനെ....

Saturday, February 27

നാട്

പോരുമ്പോള്‍ ;
എന്നെ മറക്കുമോയെന്ന്
വയല്‍വരമ്പിലൂടെ വന്ന
പതിനെട്ട് തികഞ്ഞ ഒരു കാറ്റ്

ഇനി വരാതിരിക്കരുത്;
ഒറ്റമരത്തിനു താഴെ
മീന്‍കുഞ്ഞുങ്ങളെ മുകളിലേക്കയച്ച്
അടിയൊഴുക്കുകള്‍ക്കിടയിലെവിടയോ
ഒളിച്ചിരുന്ന് പുഴ

വരാമെന്നോ,
വരുമെന്നോ,
കള്ളം പറഞ്ഞു

പക്ഷെ കള്ളുഷാപ്പിനു പുറകിലെ
അറബിപ്പുളിയോടുമാത്രം
പറയാതിരിക്കാന്‍ കഴിഞ്ഞില്ല
നക്ഷത്രങ്ങള്‍‍ക്കിടയിലെ
വഴിതിരഞ്ഞുപോവുകയാണെന്ന്..

ഹരിശ്രി

സഞ്ചാരികള്