ശേഷം,
വാക്കുകളെല്ലാം വിഴുങ്ങി
മുനകള്‍ കൂര്‍ത്തുവരുന്ന
നിശബ്ദതയില്‍
ഈ ചിലന്തിവലക്കൊട്ടാരത്തില്‍
ഞാനിരിക്കുന്നു
എന്റെ കണ്ണുകളും മൂക്കും
ചെവികളും തലമുടിനാരുകളും
നിശബ്ദമാകുന്നു
ശശിധരാ.........
തിരസ്ക്കാരത്തിന്റ
രാസലായനികള്‍
തലയോട്ടികളില്‍ നിറച്ച്
എനിക്കു പകരുക
എന്നെ പഞ്ചഭൂതങ്ങളാക്കുക
നാന്മുകാ....
താമരത്താരില്‍നിന്നിറങ്ങിവന്ന്
എന്റെ അസ്ഥികള്‍ക്കുളളില്‍
നിനക്കു പറ്റിപ്പോയ
കൈപ്പിഴ തിരുത്തുക
എന്നെച്ചൊല്ലി ചെറുതായി
ലജ്ജിക്കുക
നാഗജേതാവേ..
അവതാര ധവളിമയില്‍
പ്രണയപയോധി തീര്‍ത്തവനേ
ആദിയില്‍
യോദ്ധാവിന്റെ കാതില്‍
പറഞ്ഞതിന്റെ
അനന്തരം പറയുക
എന്നെ ആള്‍ക്കൂട്ടത്തിനിടയിലേക്കു
വീണ്ടും പറഞ്ഞുവിടുക
അമ്പും വില്ലുമില്ലാതെ
ഞാന്‍ യുദ്ധം ചെയ്യട്ടെ..